എഴുതിയത് : ശ്രാവൺ രാജ്, 10 ജൂൺ 2026, മാല്യങ്കര.
ഇത് ഒരു ഗ്രാമത്തിൽ ഒരുമിച്ച് കളിച്ചു വളർന്ന കുട്ടികളുടെ കൂട്ടായ്മയുടെ കഥയാണ്. മാല്യങ്കരയുടെ മണ്ണിലും മഴയിലും പുഴയോരങ്ങളിലും വളർന്ന കുറച്ച് കുട്ടികൾ. ബാറ്റും പന്തും കയ്യിലേന്തി വൈകുന്നേരങ്ങൾ ആഘോഷിച്ചിരുന്ന ഒരു തലമുറ. അവരുടെ സ്വപ്നങ്ങളും സൗഹൃദവും ചേർന്നാണ് “ഗോൾഡൻസ്റ്റാർ” എന്ന വികാരം ജനിച്ചത്.
കാൽ നൂറ്റാണ്ട് പിന്നിട്ട ഒരു കൂട്ടായ്മയുടെ യാത്ര. ഓർമ്മകളുടെ, ഒരുമയുടെ യാത്ര. ഇത് ഗോൾഡൻസ്റ്റാർ എഫ്സിയുടെ കഥ.

തീരദേശ ഗ്രാമമായ മാല്യങ്കരയിലെ ഒരു ചെറിയ മൈതാനത്ത്, സ്കൂൾ കഴിഞ്ഞാൽ ദിവസവും ഒരുമിച്ച് കളിക്കാനെത്തുന്ന കുട്ടികളുടെ ഒരു സംഘം രൂപപ്പെടുന്നു. അന്ന് അവർക്കു 7-8 വയസ്സ് പ്രായം മാത്രം. നേരം ഇരുട്ടുന്നത് വരെ മതിവരുവോളം ക്രിക്കറ്റ് കളിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കു ഉണ്ടായിരുന്നുള്ളു.
അവധിക്കാലം ആയാൽ നാട്ടിലെ പുഴയരികിലും പറമ്പിലുമെല്ലാം അവർ ഒത്തു കൂടുമായിരുന്നു. പുഴയരികിൽ ചൂണ്ടയിടാനും, പാടത്തും പറമ്പിലുമൊക്കെ ഉല്ലസിച്ചു നടന്നു മാങ്ങയും മറ്റു കായ്കനികൾ പറിക്കാനും ഒക്കെ അവർക്കു എല്ലാവര്ക്കും ഒരുപാടു ഇഷ്ടമായിരുന്നു.

1997-98 കാലഘട്ടത്തിൽ ക്ലബ് അംഗങ്ങൾ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യം എ.ഐ ഭാവനയിൽ
പ്രൈമറി സ്കൂൾ കാലത്ത് തന്നെ അവർ ദിവസവും ഒരുമിച്ചു ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിരുന്നു. അവരുടെ തന്നെ കൂട്ടായ്മയിലെ സുഹൃത്തിന്റെ വീടിന്റെ പുറകു വശമായിരുന്നു ആദ്യ കളിസ്ഥലം.
കളി കഴിഞ്ഞു വിശ്രമിക്കാൻ അവിടെ ഒരു കൊച്ചുവീടും കെട്ടി. പന്തും മറ്റും വാങ്ങാൻ വേണ്ടി നാണയ തുട്ടുകളും അവർ അവിടെ ശേഖരിച്ചു വെച്ചു. ചുരുക്കി പറഞ്ഞാൽ അവരുടെ ആദ്യത്തെ ക്ലബ് ഓഫീസ് ആയിരുന്നു അത്.
കാലക്രമേണ, അവരുടെ സൗഹൃദത്തിന് ഒരു പേര് വേണമെന്ന ആഗ്രഹം ഉണ്ടായി. പല പേരുകളും ചർച്ച ചെയ്തു. ഒടുവിൽ സുഹൃത്തുക്കളിൽ ഒരാൾ “ഗോൾഡൻസ്റ്റാർ” എന്ന പേര് നിർദേശിച്ചു. എല്ലാവർക്കും ആ പേര് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ അവർ അവരുടെ കൂട്ടായ്മയെ “ഗോൾഡൻസ്റ്റാർ ക്ലബ്” എന്ന് വിളിക്കാൻ തുടങ്ങി.